നീ...

സ്വപ്നത്തില്‍നിന്നു ഞാനുണര്‍ന്നു നോക്കുന്നത്
നിന്നിലേയ്ക്കാണ്...
നിന്‍റെയോരോ ചോദ്യവും തടുക്കുവാനായി 
ഞാന്‍ വീണ്ടും ഉറക്കം അഭിനയിക്കുന്നു.
എന്‍റെ കണ്ണുകള്‍ക്കു പിന്നിലെ
അസ്വസ്ഥതയുടെ കൂരമ്പുകള്‍ നിന്നിലെല്‍ക്കാതിരിക്കാന്‍
ഞാന്‍ കണ്ണുകളിറുക്കിയടയ്ക്കും.
അപ്പോള്‍ നീ കരുതും ഞാനേതോ ദു:സ്വപ്നം കാണുകയാണെന്ന്.
എന്നെ നിന്നിലേയ്ക്കു ചേര്‍ത്തു പിടിച്ചു 
നീയെന്‍റെ മുടിയിഴകളില്‍ വിരലോടിക്കുമ്പോള്‍ 
ഞാന്‍ മനസുകൊണ്ട് കുതറുകയാവും,
ഒന്നോടിയൊളിക്കാന്‍...
നീയെന്‍റെ പേര് വിളിക്കുമ്പോള്‍, 
നിന്‍റെ കണ്ണുകളിലെ പ്രണയത്തിന്‍റെ ആഴിപ്പരപ്പില്‍ വീണു 
ശ്വാസംമുട്ടി കൈകാലിട്ടടിക്കുമ്പോള്‍, 
ഇന്ദ്രിയങ്ങളോരോന്നും തകര്‍ന്നുപോയിരുന്നെങ്കിലെന്നു
ഞാന്‍ വ്യാമോഹിക്കും.
എന്നിലെ നികൃഷ്ടജീവിയെ തിരിച്ചറിയുന്ന നിമിഷത്തിനപ്പുറം 
നീയുണ്ടാവില്ലയെന്ന ബോധ്യമെന്നെ ഭയപ്പെടുത്തുന്നു.
നിന്‍റെ ദുര്‍ബലമായ ഹൃദയത്തെ
എന്‍റെ കൈക്കുമ്പിളില്‍ ഒളിപ്പിച്ചു വയ്ക്കാന്‍
എനിക്കു കഴിഞ്ഞിരുന്നെങ്കില്‍... 
ഞാനാരാണെന്ന തിരിച്ചറിവിനെ അതിജീവിക്കുവാന്‍ 
നിനക്കാവുമായിരുന്നെങ്കില്‍... 

9 comments:

  1. അപ്പോൾ ആരാണ്‌ ഞാൻ ? എന്നിലെ നികൃഷ്ടജീവിയെ ഭയപ്പെടുന്ന ഞാൻ. ആ എന്റെ ദുർബലഹൃദയത്തെ എവിടെ ഒളിപ്പിക്കും...

    ReplyDelete
    Replies
    1. ആ ഞാനോ...ങും...സ്വയം ചോദിക്കാൻ മറന്ന ചോദ്യം! :) മറ്റുള്ളവരുടെ ദുർബലഹൃദയത്തെപ്രതി സങ്കടപ്പെടുന്ന, ആ സങ്കടത്തിനു പിന്നിൽ സ്വന്തം ഹൃദയത്തെ ഒളിപ്പിച്ചുവയ്ക്കുന്ന, ഒടുവിൽ നാലായി ചിതറുമ്പോൾ മാത്രം അതേപ്രതി ദു:ഖിക്കുന്ന ഒരാൾ...:)

      Delete
  2. കവിതകള്‍ കൂടുതല്‍ മനോഹരമാകുന്നുണ്ട് ,കഴിയുമെങ്കില്‍ ബാക്ക് ഗ്രൌണ്ട് കളര്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യുക ,വായിക്കുമ്പോള്‍ കണ്ണ് വേദനിക്കുന്നു ...ആശംസകള്‍ വീണ്ടും വരാം ....

    ReplyDelete
    Replies
    1. :) Guess this is better than the other one!! Okie now? :)

      Delete
  3. "ഒരു നിമിഷം തരൂ നിന്നിൽ അലിയാൻ... ഒരു ജന്മം തരൂ നിന്നെ അറിയാൻ" ...!

    ReplyDelete
  4. ബാക്ഗ്രൗണ്ട് കളർ മാറ്റിയത് നന്നായി.
    ബ്ലോഗ് ആർക്കൈവ് കൂടെ ഉൾപ്പെടുത്തൂ.

    ReplyDelete