നിശബ്ദമായ എന്റെ രാത്രികളിലേയ്ക്ക് അതിക്രമിച്ചുകടക്കുന്ന
നിന്റെ നേര്‍ത്ത നിശ്വാസങ്ങള്‍
ഭ്രാന്തമായ സ്വപ്നത്തില്‍നിന്നെന്നപോലെ
എന്നെയുണര്‍ത്തുന്നു.
ഒന്നു പൊട്ടിക്കരയാനുള്ള അവസരംപോലും നഷ്ടപ്പെട്ട്
മൗനമായി കണ്ണീരൊഴുക്കുമ്പോള്‍
അതൊന്നുമറിയാതെ നീ നിശ്വാസങ്ങളെ
കുമിളകളാക്കിയെന്റെ മുള്പ്പടര്പ്പിനിടയിലൂടെ
പറത്തി വിട്ടുകൊണ്ടേയിരിക്കുകയാണല്ലോ.
ഭയചകിതയായവ തട്ടിക്കളയാന്‍ ശ്രമിക്കുമ്പോഴെന്റെ
കണ്ണീരിലൊട്ടിയതെന്നെ പൊതിയുന്നു.
അവസാനതുള്ളി കണ്ണീരും കുടിച്ചുവറ്റിച്ചവ
തനിയേ പൊട്ടിച്ചീറ്റുന്ന രക്തകണികകള്‍,
മഞ്ചാടിക്കുരുക്കളായി പരിണമിക്കുമ്പോളെന്റെ
ശവക്കല്ലറയില്‍ വിതറാന്‍ ഞാനവ പെറുക്കിക്കൂട്ടുന്നു.
അവ ഇരുപത്തോരായിരം തികയുമ്പോള്‍
ഞാന്‍ വിളറിവെളുത്ത് മരിച്ചുവീഴും.
അപ്പോഴും നിന്റെ നിശ്വാസങ്ങള്‍ കുമിളകളായി
എന്റെയിരുണ്ട രാത്രികളിലൂടെ പറന്നുനടക്കും.
ആശംസകള്‍
ReplyDeleteകൊള്ളാം..മനോഹരമായ വരികൾ
ReplyDelete:) :)
Delete