ഏറ്റുപറച്ചില്‍

സ്വാതന്ത്ര്യം...അതിനായാണ് ഞാന്‍ കാത്തിരുന്നത്. ഉള്ളിലേക്കെടുക്കുന്ന ഓരോ ശ്വാസത്തിലും നിറഞ്ഞു നിന്നിരുന്ന നിന്‍റെ ബോഡി സ്പ്രേയുടെ ഗന്ധമെന്നെ ശ്വാസം മുട്ടിച്ചിരുന്നു. നിന്‍റെ സ്നേഹാധിക്യമെന്നില്‍ അസഹ്യമായ മടുപ്പുളവാക്കിയിരുന്നു. എന്നിലെ വിരൂപമെന്നു ഞാന്‍ വിശ്വസിച്ചിരുന്നതൊക്കെയും മനോഹരമെന്നു വാഴ്ത്തിപ്പാടുമ്പോള്‍ നിന്‍റെ വാക്കുകളോടെനിക്കു തോന്നിയത് വെറുപ്പായിരുന്നു. ഒന്നനങ്ങുവാനാവാത്തവിധം എന്നെ നിന്‍റെ ശക്തമായ കരവലയത്തിലൊതുക്കുമ്പോള്‍ നിന്‍റെ നെഞ്ചിലെ രോമകൂപങ്ങളെന്നെ നോവിച്ചിരുന്നു.

ഇണങ്ങിയും പിണങ്ങിയും ഞാന്‍ പരാതിപ്പെട്ടപ്പോഴൊക്കെയും നീ പുഞ്ചിരിച്ചുകൊണ്ടെന്നോടു പറഞ്ഞിരുന്ന "നീയില്ലാതെ എനിക്കു പറ്റില്ല" എന്ന വാക്കുകളോടെനിക്കു തോന്നിയതു വെറും അവജ്ഞ മാത്രമായിരുന്നു. കാരണങ്ങളുണ്ടാക്കി വഴക്കിട്ടപ്പോഴും, വാക്കുകള്‍കൊണ്ടു പ്രഹരിച്ചപ്പോഴും നീയെന്നോടു ക്ഷോഭിച്ചില്ല. പകരം, നിന്നിലേക്കു വലിച്ചടുപ്പിക്കുകയാണു ചെയ്തത്. നിന്‍റെ പുരുഷത്വത്തെ ചോദ്യം ചെയ്തപ്പോഴൊക്കെയും നീ ശരീരം കൊണ്ടെന്നെ കീഴ്പ്പെടുത്തി. എന്നാല്‍ ഞാനാഗ്രഹിച്ചത് മനസുകൊണ്ടും ശരീരംകൊണ്ടും എന്നെ ഞാനായി കാണുന്ന ഒരു യഥാര്‍ത്ഥ പുരുഷനെയായിരുന്നു.

ഒടുവില്‍ തമ്മില്‍ പിരിയാമെന്നു തീരുമാനിച്ചപ്പോഴെന്‍റെ ഹൃദയം വേഗത്തില്‍ മിടിച്ചത് നിന്നെ പിരിയുന്ന വേദനകൊണ്ടായിരുന്നില്ല. മറിച്ച്, സ്വാതന്ത്ര്യത്തിന്‍റെ മേച്ചില്‍പ്പുറങ്ങളിലൂടെ പുതിയൊരാകാശവും പുതിയൊരു ഭൂമിയും തേടി പറക്കാനുള്ളയെന്‍റെ വ്യഗ്രതകൊണ്ടായിരുന്നു. ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നോയെന്ന ചോദ്യം അനാവശ്യമാണ്. കാരണം, നിനക്കുതന്നെ അറിയാം ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നുവെന്ന്. പിന്നെ, അമിതമായെന്നെ സ്നേഹിച്ചതാണ് നീ ചെയ്ത ഏക തെറ്റെന്നു ഞാന്‍ പറഞ്ഞാലതു നിനക്കെത്രമാത്രം മനസിലാക്കാനാവുമെന്ന് എനിക്കറിയില്ല. എങ്കിലും, സത്യമതാണ്, അതു മാത്രമാണ്.

No comments:

Post a Comment