എന്റെ പ്രിയനേ, നീയെവിടെയാണ്?
നിന്നെ ഞാൻ അന്വേഷിച്ചു, കണ്ടെത്തിയില്ല.
നഗരവീഥികളിൽ നിന്റെ പേരു ചൊല്ലിവിളിച്ചു നടക്കുന്നതുകണ്ട്
കാവൽക്കാർ എന്നെ പുറത്താക്കി.
മരിച്ചവനെ ഞങ്ങൾക്കിടയിൽ അന്വേഷിക്കുന്നതെന്തിനെന്നു
ചോദിച്ചവർ കോട്ടവാതിലുകൾ കൊട്ടിയടച്ചു.
ഓർമ്മകളേ, പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പേരിൽ
ഞാൻ നിങ്ങളോടു കെഞ്ചുന്നു,
എന്റെ പ്രാണപ്രിയനെ കണ്ടെത്തുന്നതിനു മുൻപ്
നിങ്ങൾ പ്രേമത്തെ തട്ടിയുണർത്തരുതേ, ഇളക്കി വിടരുതേ.
മരണത്തോളം ഞാനവനോടു വിശ്വസ്തയായിരിക്കുമെന്നു
വാക്കു നൽകപ്പെട്ടിരിക്കുന്നു.
പിന്നീടു ഞാൻ നമ്മൾ രാപാർത്ത ഗ്രാമങ്ങളിൽ ചെന്നു.
മുന്തിരിവള്ളികൾ ഉണങ്ങിക്കരിഞ്ഞിരിക്കുന്നതും
മാതളനാരകത്തിന്റെ പൂക്കൾ കൊഴിഞ്ഞുവീണു കിടക്കുന്നതും കണ്ടു.
ഗ്രാമവാസികൾ എന്നെ തിരിച്ചറിഞ്ഞില്ല.
ഇതു ഭ്രാന്തിയുടെ ജല്പ്പനങ്ങളെന്നു പറഞ്ഞവർ പൊട്ടിച്ചിരിച്ചു.
അതിലൊരുവൻ നിന്റെ പേരന്വേഷിച്ചു,
നിന്റെ പെരൊർക്കാൻ ശ്രമിച്ചു ഞാൻ പരാജയപ്പെട്ടു.
നഗരവീഥികളിൽ നിന്നു പുറത്താക്കപ്പെട്ടപ്പോൾ ഞാനതു മറന്നിരുന്നു.
നീയാരെന്നു ഞങ്ങൾക്കറിയില്ലെന്നു പറഞ്ഞവർ എന്നെ കല്ലെറിഞ്ഞു.
ഓർമ്മകളേ, പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പേരിൽ
ഞാൻ നിങ്ങളോടു കെഞ്ചുന്നു,
എന്റെ പ്രാണപ്രിയനെ കണ്ടെത്തുന്നതിനു മുൻപ്
നിങ്ങൾ പ്രേമത്തെ തട്ടിയുണർത്തരുതേ, ഇളക്കി വിടരുതേ.
മരണത്തോളം ഞാനവനോടു വിശ്വസ്തയായിരിക്കുമെന്നു
വാക്കു നൽകപ്പെട്ടിരിക്കുന്നു.
പ്രിയനേ, നീയെവിടെയാണ്?
വേനൽകാറ്റിലകപ്പെട്ടുപോയ പുൽക്കൊടിപോലെ
ഞാൻ ക്ഷീണിതയായിരിക്കുന്നു.
ശിശിരം കൊഴിച്ചിട്ട ഇലകൾപോലെയെന്റെ സ്വപ്നങ്ങൾ
ചിതറിത്തെറിച്ചു വീണുകിടകുന്നു.
എന്റെ പ്രിയപ്പെട്ടവനേ, നീ മറഞ്ഞിരിക്കുന്നതെവിടെയാണ്?
നിന്റെ സാമീപ്യമില്ലാതെ ഞാൻ
എണ്ണയൊഴിഞ്ഞ തിരിപോലെ കരിന്തിരി കത്തുന്നു.
ഓർമ്മകളേ, പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പേരിൽ
ഞാൻ നിങ്ങളോടു കെഞ്ചുന്നു,
എന്റെ പ്രാണപ്രിയനെ കണ്ടെത്തുന്നതിനു മുൻപ്
നിങ്ങൾ പ്രേമത്തെ തട്ടിയുണർത്തരുതേ, ഇളക്കി വിടരുതേ.
മരണത്തോളം ഞാനവനോടു വിശ്വസ്തയായിരിക്കുമെന്നു
വാക്കു നൽകപ്പെട്ടിരിക്കുന്നു.
രാജകുമാരാ,
പാദുകമൊഴിഞ്ഞ എന്റെ കാലുകൾ വിണ്ടുകീറിയിരിക്കുന്നു.
എന്റെ നാഭിയിലെ വൃത്തമൊത്ത പാനപാത്രത്തിൽനിന്നും
വീഞ്ഞൊഴിഞ്ഞിരിക്കുന്നു.
ഉദരമാകുന്ന ഗോതമ്പുകൂനയ്ക്കതിരിട്ടിരുന്ന ലില്ലിപ്പൂക്കൾ
എന്നേ വാടിക്കരിഞ്ഞിരിക്കുന്നു.
ഇരട്ടപിറന്ന മാൻകുട്ടികളെപ്പൊലിരുന്നയെന്റെ സ്തനങ്ങൾ
പ്രായാധിക്യത്താൽ തളർന്നുവീണിരിക്കുന്നു.
കാർമൽമലപോലെ ഉയർന്നു നിന്നിരുന്നയെന്റെ ശിരസ്സ്
ഭൂമിയോളം താഴ്ന്നിരിക്കുന്നു.
ഓർമ്മകളേ, പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പേരിൽ
ഞാൻ നിങ്ങളോടു കെഞ്ചുന്നു,
എന്റെ പ്രാണപ്രിയനെ കണ്ടെത്തുന്നതിനു മുൻപ്
നിങ്ങൾ പ്രേമത്തെ തട്ടിയുണർത്തരുതേ, ഇളക്കി വിടരുതേ.
മരണത്തോളം ഞാനവനോടു വിശ്വസ്തയായിരിക്കുമെന്നു
വാക്കു നൽകപ്പെട്ടിരിക്കുന്നു.
നിദ്രയെനിക്കന്യയായിരിക്കുന്നു.
കിടക്കയിൽ നീയില്ലയെന്ന ബോധ്യമെന്നെ തളർത്തുന്നു.
പ്രിയനേ, നീ എന്റെതാണ്.
നിന്നെയന്വേഷിച്ച് ഞാൻ രാപ്പകൽ അലയുന്നു.
മരുഭൂമികളിലും താഴ്വരകളിലും എന്റെ ശബ്ദം മുഴങ്ങിക്കേൾക്കുന്നു,
എന്നിട്ടും നീ വിളി കേൾക്കുന്നില്ല.
ഞാൻ നിൽക്കുന്നിടത്തോടൊപ്പം നോക്കുന്നിടവും ഉണങ്ങിപ്പോകുന്നു.
വീഞ്ഞു കുടിച്ചു മത്തുപിടിച്ചവളെപ്പോലെ ഞാൻ പുലമ്പുന്നു.
മരണത്തിന്റെ താഴ്വരകളിൽക്കൂടി ഞാൻ നിന്നെയന്വേഷിക്കട്ടെ.
ഓർമ്മകളേ, പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പേരിൽ
ഞാൻ നിങ്ങളോടു കെഞ്ചുന്നു,
എന്റെ പ്രാണപ്രിയനെ കണ്ടെത്തുന്നതിനു മുൻപ്
നിങ്ങൾ പ്രേമത്തെ തട്ടിയുണർത്തരുതേ, ഇളക്കി വിടരുതേ.
മരണത്തോളം ഞാനവനോടു വിശ്വസ്തയായിരിക്കുമെന്നു
വാക്കു നൽകപ്പെട്ടിരിക്കുന്നു.
:)
ReplyDelete:) :)
DeleteManoharam..
ReplyDelete:)
Deleteസോളമന്റെ എഴുതപ്പെട്ട ഉത്തമഗീതത്തോളം തന്നെ നന്നായിട്ടുണ്ട്!! ഇനിയും പോരട്ടെ ഇതുപോലുള്ള വരികൾ.. :)
ReplyDelete:o കള്ളനസ്രാണീ...??? :o
Deleteപേരു വിളിക്കല്ലേ തോമാച്ചാാാ ... :D :D
Delete:D :D :D
DeleteSoooo glad ua back....:) ^_^